04:09am 11 November 2026
NEWS
രാഹുലിനും പ്രിയങ്കയ്ക്കും മുൻപേ ഒരു കുഞ്ഞ്; ജനിച്ച് മണിക്കൂറുകൾക്കകം മരണം; ആ വേദന ഇന്നും മറക്കാനാകാതെ സോണിയ ഗാന്ധി
10/11/2026  09:34 PM IST
nila
രാഹുലിനും പ്രിയങ്കയ്ക്കും മുൻപേ ഒരു കുഞ്ഞ്; ജനിച്ച് മണിക്കൂറുകൾക്കകം മരണം; ആ വേദന ഇന്നും മറക്കാനാകാതെ സോണിയ ഗാന്ധി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ജനനത്തിന് മുൻപ് രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും പിറന്ന ആദ്യ കുഞ്ഞിന്റെ വിയോഗത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സോണിയ ഗാന്ധി. ജനിച്ച് മണിക്കൂറുകൾക്കകം മരിച്ച കുഞ്ഞിന്റെ ഓർമകളും ആ വേർപാടിൽ താനും രാജീവും അനുഭവിച്ച വേദനയും വർഷങ്ങൾക്കിപ്പുറവും മനസ്സിൽ മായാതെ നിൽക്കുകയാണെന്ന് സോണിയ വെളിപ്പെടുത്തുന്നു. തന്റെ ആത്മകഥയായ ‘Belonging: A Journey of Love’ എന്ന പുസ്തകത്തിലാണ് സ്വകാര്യ ജീവിതത്തിലെ ഈ വേദനിപ്പിക്കുന്ന അധ്യായം അവർ തുറന്നുപറയുന്നത്.

1969 ജനുവരി 18നായിരുന്നു സോണിയയ്ക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. മാസം തികയാതെ പിറന്ന ആൺകുഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി. കുഞ്ഞിന്റെ ജനനത്തിന് മുൻപുള്ള സന്തോഷകരമായ നിമിഷങ്ങളും പിന്നീട് കുടുംബം നേരിട്ട ദുരന്തവും ആത്മകഥയിൽ സോണിയ വിശദമായി വിവരിക്കുന്നുണ്ട്.

താൻ ഗർഭിണിയാണെന്ന വിവരം അറിഞ്ഞപ്പോൾ രാജീവ് ഗാന്ധിക്കും ഇന്ദിരാ ഗാന്ധിക്കും വലിയ സന്തോഷമായിരുന്നുവെന്ന് സോണിയ ഓർക്കുന്നു. മുത്തശ്ശിയാകാൻ പോകുന്നതിന്റെ ആഹ്ലാദം ഇന്ദിര വിദേശത്തുള്ള സുഹൃത്തിന് അയച്ച കത്തിലൂടെയും പങ്കുവച്ചിരുന്നു. വാർത്തയറിഞ്ഞപ്പോൾ തന്നെ കെട്ടിപ്പിടിച്ച് ചുംബിച്ച ഇന്ദിര, 'വലിയ കുഞ്ഞിന് ചെറിയ കുഞ്ഞുണ്ടാകാൻ പോകുന്നു' എന്ന് പറഞ്ഞതും സോണിയ ഓർത്തെടുക്കുന്നു.

ഗർഭകാലത്ത് സോണിയയുടെ ആരോഗ്യകാര്യങ്ങളിൽ ഇന്ദിര പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. ഭക്ഷണക്രമം തയ്യാറാക്കുന്നതിനൊപ്പം വ്യായാമം ചെയ്യാനും നിർദേശിച്ചു. കുഞ്ഞിനായി മൃദുവായ തുണികൊണ്ട് നാപ്പി ഉണ്ടാക്കുന്നതിനെക്കുറിച്ചും പേരുകൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ഇന്ദിര ആലോചിച്ചിരുന്നു.

ദിവസവും രണ്ട് ഗ്ലാസ് പാലും ആഴ്ചയിൽ മൂന്ന് ദിവസം ചീരയും കഴിക്കണമെന്നായിരുന്നു നിർദേശം. ചീര കഴിക്കാൻ തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും ഇറ്റാലിയൻ ഭക്ഷണം ഏറെ മിസ് ചെയ്തിരുന്നുവെന്നും സോണിയ പറയുന്നു. ഇന്ത്യൻ ചെറിയും ഞാവൽപ്പഴവും ഫാന്റയുമായിരുന്നു അന്ന് ഇഷ്ടപ്പെട്ടിരുന്നത്.

എന്നാൽ ഗർഭകാലത്തിന്റെ ഏഴാം മാസത്തിൽ കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. തുടർന്ന് മാസം തികയാതെ ആൺകുഞ്ഞിന് ജന്മം നൽകി. കറുത്ത കട്ടിയുള്ള മുടിയും നീളമുള്ള വിരലുകളുമുള്ള കുഞ്ഞിനെയാണ് കണ്ടതെന്ന് സോണിയ ഓർക്കുന്നു. കുഞ്ഞിന്റെ അതിജീവനസാധ്യത വളരെ കുറവാണെന്ന് രാജീവ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

പുലർച്ചെ ആറരയോടെ കുഞ്ഞ് മരിച്ചു. ആ വാർത്ത തകർത്തെറിഞ്ഞ നിമിഷങ്ങളെക്കുറിച്ചും സോണിയ എഴുതുന്നുണ്ട്. താൻ നിയന്ത്രണം വിട്ട് കരഞ്ഞപ്പോൾ രാജീവ് കരച്ചിൽ അടക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനും സങ്കടം താങ്ങാനായില്ല. വിവരമറിഞ്ഞ ഉടൻ ഇന്ദിര ഗാന്ധി തന്റെ തിരക്കുകൾ മാറ്റിവച്ച് ആശുപത്രിയിലെത്തി. ചുവന്ന കണ്ണുകളുമായി ഏറെ നേരം അരികിലിരുന്ന ഇന്ദിരയ്ക്ക് പിന്നീട് മടങ്ങേണ്ടിവന്നതായും സോണിയ ഓർമിക്കുന്നു.

കുഞ്ഞിന്റെ മരണത്തിനു പിന്നാലെ പത്രങ്ങളിൽ വന്ന വാർത്തകളും സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും തന്നെ ഏറെ വേദനിപ്പിച്ചുവെന്നാണ് സോണിയയുടെ വെളിപ്പെടുത്തൽ. കുടുംബം അതീവ ദുഃഖത്തിലായിരുന്ന സമയത്ത് മാധ്യമങ്ങൾ സംഭവത്തെ കൈകാര്യം ചെയ്ത രീതി ക്രൂരമായിരുന്നുവെന്നും ആ റിപ്പോർട്ടുകൾ ഇന്നും മനസ്സിൽ മുറിവായി അവശേഷിക്കുന്നുണ്ടെന്നും ആത്മകഥയിൽ പറയുന്നു.

ഗാന്ധി കുടുംബത്തിന്റെ സ്വകാര്യ ജീവിതത്തിൽ അധികമാരും അറിയാത്ത ഈ ദുരനുഭവം പുറത്തുകൊണ്ടുവരുന്നതാണ് സോണിയയുടെ പുതിയ പുസ്തകത്തിലെ ഈ ഭാഗം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img